Asianet News MalayalamAsianet News Malayalam

തൊഴിലുറപ്പിന് പോവുകയായിരുന്ന സ്ത്രീ കിണറ്റിൽ ഒരു അനക്കം കേട്ടു! നോക്കിയപ്പോള്‍ കുടുങ്ങി കിടന്നത് കാട്ടുപോത്ത്

പാലോട് കൊല്ലായി സെറ്റിൽമെന്റിൽ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തൊഴിലുറപ്പിന് പോയ സ്ത്രീ കിണറ്റിൽ ബഹളം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്

wild buffalo saved from well
Author
First Published Jan 13, 2023, 5:26 PM IST

തിരുവനന്തപുരം: പാലോട് കൊല്ലായിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പാലോട് കൊല്ലായി സെറ്റിൽമെന്റിൽ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തൊഴിലുറപ്പിന് പോയ സ്ത്രീ കിണറ്റിൽ ബഹളം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ പാലോട് വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു.

ഏറെ നേരത്തെ പരിശ്രമഫലമായി വാഹനം പോകാത്ത സ്ഥലത്തേക്ക് സമീപത്തെ പുരയിടം വഴി ജെസിബി കയറ്റി കിണറിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റിയ ശേഷമാണ് സംഘം കാട്ടുപോത്തിനെ കിണറ്റിൽ നിന്നും കര കയറ്റിയത്. കിണറ്റിൽ നിന്നും കയറിയ കാട്ടുപോത്ത് തുടർന്ന് കാട്ടിലേയ്ക്ക് ഓടി പോയി. ഇന്നലെ പുലർച്ചെയാണ് കാട്ടുപോത്ത് കിണറ്റിൽ വീണതെന്ന് കരുതുന്നു. പ്രദേശത്ത് സ്ഥിരമായി കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

രണ്ട് കുടുംബങ്ങളാണ് കാട്ടുപോത്ത് വീണ കിണറ്റിൽ നിന്നും വെള്ളം ഉപയോഗിക്കുന്നത്. അതിനാൽ കാട്ടുപോത്തിനെ കയറ്റാൻ ഇടിച്ച കിണർ ഉടൻ നാട്ടുകാർ ചേർന്ന് പൂർവസ്ഥിതിയിൽ ആക്കും. അതേസമയം, മൂന്നാർ ആനയിറങ്കലിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കൊച്ചി - ധനുഷ്കോടി ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടർ ആനയുടെ മുന്നിൽ പെട്ടു. ആനയെ കണ്ട് ഭയന്നതോടെ സ്കൂട്ടർ മറിഞ്ഞു. ആന പാഞ്ഞടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി.

ശങ്കരപാണ്ഡിമെട്ടിൽ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് റോഡിലൂടെ നടന്നു പോകുകയായിരുന്ന ചക്കക്കൊമ്പൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് യാത്രക്കാരൻ രക്ഷപെട്ടത്. ഇതിനിടെ തൃശൂർ മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറയിൽ തേയില തോട്ടത്തിലെ തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മലക്കപ്പാറ സ്വദേശി 55 കാരിയായ ജാനകിയ്ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജാനകിയെ വാൽപ്പാറ ടാറ്റ ഉരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios