അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പ്പെട്ടു.

തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്ത് കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാനയോടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച് ആനയുടെ മുന്നില്‍പ്പെട്ടു. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയും തുമ്പികൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ആന മുന്നില്‍ നിന്നും അല്‍പ്പം നീങ്ങിയ അവസരത്തില്‍ ഇവര്‍ കാറെടുത്തു പോയി. തുടര്‍ന്ന് പുറകില്‍ വരികയായിരുന്ന മറ്റൊരു കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു. കാറിനകത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ അന കാട്ടിലേക്ക് കയറിപോവുകയും ചെയ്തു. ആനയാക്രമണത്തില്‍ കാറിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.