ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് തോട്ടം തൊഴിലാളികള്‍. കെഡിഎച്ച്പി കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ സ്ത്രീ തൊഴിലാളികളാണ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. കൊളുന്തെടുത്ത് മടങ്ങുന്നതിനിടയില്‍ ഇവര്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. 

അമ്പത്തിരണ്ടുകാരി സുന്ദരാത്ത, നാല്‍പ്പത്തെട്ടുകാരി ചന്ദ്ര എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓടുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റുവീണ സുന്ദരാത്തയുടെ കൊളുന്ത് ബാഗില്‍  ആന പിടുത്തമിട്ടു. ഈ സമയത്താണ് ഇവര്‍ ഓടി രക്ഷപ്പെട്ടത്. തോട്ടത്തിലുണ്ടായിരുന്ന മറ്റുതൊഴിലാളികള്‍ ഒച്ച വെച്ചതോടെ ആന പിന്‍വാങ്ങുകയായിരുന്നു. 

ഓടുന്നതിനിടയില്‍ വീണ് രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തൊഴിലാളികള്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരമായി പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലയിലാണ് ഇപ്പോള്‍ പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. തൊഴിലാളികളെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി ഇവിടെ വ്യാപകമാണ്.