വീടിന്‍റെ ചില്ല് തകരുന്ന ശബ്ദം കേട്ടുണര്‍ന്ന സുധ കാണുന്നത് മുറ്റത്ത് നില്‍ക്കുന്ന കാട്ടാനക്കൂട്ടത്തെയാണ്. പിഞ്ചുമക്കളുമായി അടുക്കളവാതിലിലീടെ രക്ഷപ്പെടാനുള്ള ശ്രമം കൂടി പാഴായതോടെ കാട്ടാനക്കൂട്ടത്തിന് നടുവില്‍ തകര്‍ന്ന് വീഴാറായ വീട്ടില്‍ യുവതി കഴിഞ്ഞത് മണിക്കൂറുകള്‍

ഇടുക്കി: കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപിടിച്ച് കുരുന്നുകളടക്കം കഴിഞ്ഞത് അഞ്ച് മണിക്കൂര്‍. രണ്ട് സംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ചെ നാലുണിയോടെയാണ് കാടുകയറിയത്. മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റിലാണ് സംഭവം. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂടം എസ്റ്റേറ്റിലെത്തിയത്. 

ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (6) ബ്രിന്ത (8) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച ഇവര്‍ ശ്വാസം അടക്കിപിടിച്ചാണ് നാലുമണിവരെ കഴിഞ്ഞത്. സമീപത്തെ വള്ളിയുടെ വീടിന്റെ വാതിലും ഗണേഷന്‍, ലക്ഷ്മണന്‍, സുധ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് ക്യഷിയും കാട്ടാനകള്‍ തകര്‍ത്തു. രണ്ടുസംഘമായാണ് കാട്ടാനകള്‍ ലയങ്ങളിലെത്തിയത്. രണ്ടാമത്തേത് ഒറ്റയാന്‍ ആയിരുന്നു. 

കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുന്നതോടെ സ്വസ്ഥമായി ജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികളുള്ളത്. പതിനായിരങ്ങള്‍ ചെലവഴിച്ചിറക്കുന്ന പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാകുന്നതോടെ പലപ്പോഴായി എത്തുന്ന വന്യമ്യഗങ്ങള്‍ നശിപ്പിക്കുകയാണ്. തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന തൊഴിലാളികള്‍ ക്യഷിയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പഠനമടക്കമുള്ളവ മുമ്പോട്ട് കൊണ്ടുപോകുന്നത്.