കഴിഞ്ഞവർഷം ജനുവരിയിലാണ് പിടി സെവനെ ഈ മേഖലയിൽ നിന്നും പിടികൂടിയത്.
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാത്രിയാണ് ധോണി ഫാമിനടുത്ത് ആന ഇറങ്ങിയത്. കഴിഞ്ഞവർഷം ജനുവരിയിലാണ് പിടി സെവനെ ഈ മേഖലയിൽ നിന്നും പിടികൂടിയത്. ആ ഭീതിയൊഴിഞ്ഞ് അധിക നാളുകളാവും മുൻപാണ് മറ്റൊരു കാട്ടാന എത്തിയത്.
ഇന്നലെ രാത്രി 11 മണിക്കാണ് പാലക്കാട് ധോണി സ്വദേശി ശങ്കരവർമ്മയുടെ പുരയിടത്തിൽ ആനയെത്തിയത്. പുരയിടത്തിന് പിന്നിലുള്ള റബ്ബർ തോട്ടത്തിലൂടെ കയറി വന്ന ആന പറമ്പിൽ സ്ഥാപിച്ച കമ്പിവേലി ചവിട്ടി പൊളിച്ച് വീടിനടുത്തേക്ക് വരികയായിരുന്നു. വീട്ടു പറമ്പിലെ വാഴകൾ ആന നശിപ്പിച്ചു. സംഭവമറിഞ്ഞ് അല്പസമയത്തിനകം തന്നെ ആർ ആർ ടി സംഘം സ്ഥലത്തെത്തി. ആന കൂടുതൽ നാശനഷ്ടങ്ങൾ എവിടെയും വരുത്തിയിട്ടില്ലെന്നും ഏത് ആനയാണ് ഇറങ്ങിയത് എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
