ഇടക്കുന്നം - കാട്ടുപ്പാറ പേഴക്കല്ല് ഭാഗത്ത് കണ്ട പോത്തിനെ തിരികെ കാട് കയറ്റാനുള്ള  ശ്രമം വനം വകുപ്പും നാട്ടുകാരും തുടരുകയാണ്. 

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിക്ക് അടുത്ത് ഇടക്കുന്നത്ത് നാട്ടുകാർക്ക് പേടി സ്വപ്നമായി കാടിറങ്ങിയ കാട്ടുപോത്ത്. കാട്ടിലേക്ക് തിരികെ അയച്ചെന്ന് വനം വകുപ്പ് അവകാശപ്പെട്ട കാട്ടുപോത്തിനെ വീണ്ടും നാട്ടിൽ കണ്ടതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇടക്കുന്നം - കാട്ടുപ്പാറ പേഴക്കല്ല് ഭാഗത്ത് കണ്ട പോത്തിനെ തിരികെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പും നാട്ടുകാരും തുടരുകയാണ്. 

നാട്ടുകാരുടെ പേടിസ്വപ്നമായ കാട്ടുപോത്ത്. ഒരാഴ്ചയായി നാട്ടിൽ ഈ കാട്ടുപോത്ത് ഭീതി പടർത്താൻ തുടങ്ങിയിട്ട്. കഴിഞ്ഞ മാസം 28നാണ് പ്രദേശത്ത് ആദ്യം പോത്തിനെ കാണുന്നത്. അന്ന് രാത്രിയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ പിറ്റേന്ന് കിണറിന്‍റെ അരിക് ഇടിച്ചാണ് കരയ്ക്ക് കയറ്റിയത്. അന്ന് കാട്ടുപോത്തിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. പിന്നീട് പോത്ത് കാട് കയറിയെന്ന് വനം വകുപ്പ് നാട്ടുകാരെ അറിയിച്ചു. പക്ഷേ വീണ്ടും ഇന്ന് പോത്തിനെ ഇടക്കുന്നം പേഴക്കല്ല് ഭാഗത്ത് ജനവാസ മേഖലയിലെ റബർ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു.

ശരീരത്ത് മുറിവേറ്റ നിലയിലാണ് പോത്ത്. പോത്തിനെ കാട് കയറ്റാൻ വനംവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ല എന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പോത്തിനെ വിരട്ടി കാട് കയറ്റുന്നതിന് പകരം പരാതി പറയുന്ന നാട്ടുകാരെ വിരട്ടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നും ജനപ്രതിനിധികൾ അടക്കം കുറ്റപ്പെടുത്തുന്നു.

ഭീതി പരത്തി കാട്ടുപോത്ത് ; ഇടക്കുന്നത്തുകാർ ആശങ്കയിൽ