ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന വിളയാട്ടം. രാത്രിയോടെ എത്തിയ കാട്ടാനകൾ മൂന്നാർ മാർക്കറ്റിലെ രണ്ട് പഴക്കടകൾ പൂർണ്ണമായി നശിപ്പിച്ചു. മുഴുവൻ പഴങ്ങളും ഭക്ഷിച്ച ആനക്കൂട്ടത്തെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. രാത്രി 10 മണിയേടെയാണ് സംഘം ടൗണിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ആനകള്‍ മൂന്നാർ ജനറൽ ആശുപത്രിയുടെ സമീപത്തെ പഴക്കട പൂർണ്ണമായി നശിപ്പിക്കുകയും പഴങ്ങൾ ഭക്ഷിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കടുകയറിയ കാട്ടാനകൾ ഇന്നലെ രാത്രിയോടെയാണ് മൂന്നാർ ടൗണിലെത്തിയത്. മൂന്നാർ ജനറൽ ആശുപത്രിയുടെ സമീപത്തെ കടയിൽ എത്തിയെങ്കിലും അവിടെ ഒന്നുമില്ലെന്ന് കണ്ടതോടെ മൂന്നാർ പച്ചക്കറി പഴവർഗ്ഗ മാർക്കറ്റിൽ കയറുകയായിരുന്നു. ഒരു മണിക്കൂറോളം മാർക്കറ്റിൽ നിലയുറപ്പിച്ച ആനക്കളെ വനംവകുപ്പിൻ്റെ നേത്യത്വത്തിൽ ഓടിക്കുകയായിരുന്നു.