മുന്‍ഭാഗത്തെ വലതുകാലാണ് പ്ലാവിന്റെ കൊമ്പുക്കള്‍ക്കിടയിലായത്. വിവരമറിഞ്ഞെത്തിയ വനപാലക സംഘവും ഉദ്യോഗസ്ഥരും ഒരു കൊമ്പ് അതി സാഹസികമായി മുറിച്ചുമാറ്റിയാണ് ആനയെ രക്ഷിച്ചത്.

കല്‍പ്പറ്റ: ജനവാസ പ്രദേശങ്ങളില്‍ ചക്ക തേടി കാട്ടാനകള്‍ എത്തുന്നത് നിത്യസംഭവമാണ് വയനാട്ടില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ജനവാസ മേഖലകളിലെത്തി ചക്ക പറിക്കുന്നതിനിടെ കാട്ടാനയുടെ കാൽ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. കാല്‍ കുടുങ്ങിയ പിടിയാനയെ വനംവകുപ്പ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മേപ്പാടി മുണ്ടക്കൈ വനമേഖലയോട് ചേര്‍ന്ന തോട്ടത്തിലായിരുന്നു സംഭവം.

മുന്‍ഭാഗത്തെ വലതുകാലാണ് പ്ലാവിന്റെ കൊമ്പുക്കള്‍ക്കിടയിലായത്. വിവരമറിഞ്ഞെത്തിയ വനപാലക സംഘവും ഉദ്യോഗസ്ഥരും ഒരു കൊമ്പ് അതി സാഹസികമായി മുറിച്ചുമാറ്റിയാണ് ആനയെ രക്ഷിച്ചത്. കൊമ്പ് മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ പലപ്പോഴും ആന തുമ്പിക്കൈ കൊണ്ട് അടിക്കാന്‍ ശ്രമിച്ചതായി വനപാലകര്‍ പറഞ്ഞു. രാവിലെ മുതല്‍ തുടങ്ങിയ ശ്രമം വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കാനായത്. 

വെള്ളിയാഴ്ച പുലര്‍ച്ചെയായിരിക്കാം ആന ഇവിടെ എത്തിയതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ പുത്തുമല ഏലമല സ്വദേശിനിയെ കാട്ടാന ആക്രമിച്ചിരുന്നു. ഈ കൂട്ടത്തില്‍ പെട്ട ആനയാകാം അപകടത്തില്‍പ്പെട്ടതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പരിക്കേറ്റ ലീല (55) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona