Asianet News MalayalamAsianet News Malayalam

വനവിഭവങ്ങളില്ലാതെ വയനാടന്‍ കാടുകള്‍; ആദിവാസികുടുംബങ്ങളുടെ ഉപജീവനമാര്‍ഗം മുട്ടി

 തേന്‍, ചീനിയ്ക്ക, പൂപ്പല്‍, കുന്തിരിക്കം, പാടക്കിഴങ്ങ്, ചുണ്ടവേര്, കുറുന്തോട്ടി, നിലച്ചക്ക, കാട്ടുകുരുമുളക് വള്ളി, കല്‍പ്പാശം, നെല്ലിക്ക തുടങ്ങിയവയാണ് വയനാടന്‍ കാടുകളില്‍ നിന്ന് പ്രധാനമായും ലഭിക്കുന്നത്. 

Wild life products scarcity in wayand forest
Author
Wayanad, First Published Jan 22, 2019, 11:27 AM IST

കല്‍പ്പറ്റ: അടിക്കടിയുണ്ടായ കാലാവസ്ഥ വ്യതിയാനവും പ്രളയവും കാട്ടുത്തീയും നിമിത്തം വയനാടന്‍ കാടുകളില്‍ നിന്നുള്ള വനവിഭവങ്ങള്‍ കുറയുന്നു. അപൂര്‍വ്വ സമ്പത്തായ കാട്ടുവിഭവങ്ങള്‍ ശേഖരിക്കുന്നതിലെ അശാസ്ത്രീയയും ഇവയുടെ കുറവിന് കാരണമായിട്ടുണ്ടെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സ്ത്രീകളടക്കം നിരവധി ആദിവാസികളുടെ തൊഴില്‍രംഗം കൂടിയാണിത്. വിഭവങ്ങള്‍ കുറഞ്ഞതോടെ പലരും മറ്റു തൊഴിലുകളിലേക്ക് ചേക്കേറുകയാണ്. 

ബാക്കിയുള്ളവരാകട്ടെ നിത്യവൃത്തിക്കായി പാടുപെടുകയാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച വനവിഭവങ്ങളുടെ പകുതി പോലും ഇത്തവണ സംഘങ്ങളില്‍ എത്തിയിട്ടില്ല. വനവിഭവങ്ങളുടെ ലഭ്യത ഈ വര്‍ഷം വന്‍തോതില്‍ കുറവ് വന്നതോടെ ഇവയുടെ ശേഖരത്തില്‍ നിന്ന് ആദിവാസികളും വിട്ടുനില്‍ക്കുകയാണ്. കാലങ്ങളായി വനത്തിനുള്ളില്‍ നിന്നും വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന പലരും ഇതിനകം ഈ മേഖല കയ്യൊഴിഞ്ഞു. വനവിഭവങ്ങളുടെ കുറഞ്ഞതോടെ ഇവയുടെ വില ഇരട്ടിയായി വര്‍ധിച്ചു. 

വിപണിയില്‍ വന്‍വില വരുന്നതാണ് വനവിഭവങ്ങളില്‍ പലതും. എന്നാല്‍ ഇതിനനുസരിച്ചുള്ള പ്രതിഫലം ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തേന്‍, ചീനിയ്ക്ക, പൂപ്പല്‍, കുന്തിരിക്കം, പാടക്കിഴങ്ങ്, ചുണ്ടവേര്, കുറുന്തോട്ടി, നിലച്ചക്ക, കാട്ടുകുരുമുളക് വള്ളി, കല്‍പ്പാശം, നെല്ലിക്ക തുടങ്ങിയവയാണ് വയനാടന്‍ കാടുകളില്‍ നിന്ന് പ്രധാനമായും ലഭിക്കുന്നത്. 111 തടിയിതര വിഭവങ്ങള്‍ ഉള്‍ക്കാടുകളില്‍ നിന്നടക്കം ശേഖരിക്കാന്‍ വനംവകുപ്പ് പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

അടിയ, പണിയ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളാണ് കൂടുതലും വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. ഇവരില്‍ നിന്നും പട്ടിക വര്‍ഗ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുന്ന വനവിഭവങ്ങള്‍ സംസ്ഥാന പട്ടികവര്‍ഗ സഹകരണ ഫെഡറേഷന്‍ മുഖേന ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്ക് വില്‍പ്പന നടത്തുകയാണ് രീതി. ജില്ലയിലെ  സഹകരണ സംഘങ്ങള്‍ വഴിയാണ് ഇവ ആദിവാസികള്‍ പ്രളയം കാട്ടുതേന്‍ ഉദ്പ്പാദനത്തെ കാര്യമായി ബാധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. 

ഒരു ലിറ്റര്‍ തേന്‍ 350 രൂപ നിരക്കിലാണ് സഹകരണ സംഘം ആദിവാസികളില്‍ നിന്ന് ശേഖരിക്കുന്നത്. എന്നാല്‍ പൊതുവിപണിയില്‍ കാട്ടുതേനിന് ഇരട്ടിയിലേറെ വിലയുണ്ട്. ചെറുതേനിന് പൊതുവിപണിയില്‍ രണ്ടായിരം രൂപക്ക് മുകളില്‍ വില ഈടാക്കുന്നുണ്ട്. കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവരാണ് കൂടുതലും തേന്‍ ശേഖരിക്കുന്നത്. വലിയ മരങ്ങളില്‍ നിഷ്പ്രയാസം കയറാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടെത്രേ. 

മുത്തങ്ങ എടമനയില്‍ പ്രവര്‍ത്തിക്കുന്ന തവിഞ്ഞാല്‍ പട്ടികവര്‍ഗ സര്‍വ്വീസ് സഹകരണ സംഘം 6500 കിലോ കുരുമുളക് വള്ളിയും, 3000 കിലോ നിലച്ചക്കയും മാത്രമാണ് പ്രളയത്തിന് ശേഷം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ വിഭവങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. മറ്റുള്ളവ ശേഖരിച്ചു വരികയാണെന്ന്  സംഘം പ്രസിഡന്റ് കെ.കെ. കീരന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios