Asianet News MalayalamAsianet News Malayalam

'ഭൂമി തരു, വോട്ട് തരാം'; ഭൂമി വിതരണം ചെയ്യാതെ വോട്ടില്ലെന്ന് മൂന്നാര്‍ തോട്ടംതൊഴിലാളികള്‍

വി എസ് സര്‍ക്കാരിന്‍റെ കാലത്താണ് മൂന്നാറിലെ തോട്ടംതൊലാളികള്‍ക്ക് 10 സെന്‍റും 5 സെന്‍റും ഭൂമി അനുവദിച്ചത്.

will vote only after getting promised land says munnar plantation workers
Author
Munnar, First Published Mar 29, 2019, 7:15 PM IST

ഇടുക്കി: കുറ്റിയാര്‍വാലിയില്‍ അനുവദിച്ച ഭൂമി തരൂ വോട്ടുതരാം, തോട്ടംതൊഴിലാളികള്‍ക്കായി അനുവദിച്ച ഭൂമി വിതരണം ചെയ്യാതെ വോട്ട് ചെയ്യില്ലെന്ന് മൂന്നാറിലെ ഒരുകൂട്ടം തൊഴിലാളികള്‍. വി എസ് സര്‍ക്കാരിന്‍റെ കാലത്താണ് മൂന്നാറിലെ തോട്ടംതൊലാളികള്‍ക്ക് 10 സെന്‍റും 5 സെന്‍റും ഭൂമി അനുവദിച്ചത്. അതില്‍  10 സെന്‍റ് വീതം ഭൂമി വിതരണം നടത്തുകയും അതില്‍ തൊഴിലാളികള്‍ വീട് നിര്‍മ്മിച്ച് താമസിക്കുകയും ചെയ്തു.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനുവദിച്ച അഞ്ച് സെന്‍റ് ഭൂമി വിതരണം ചെയ്യാതെ ഇടത്-വലത് സര്‍ക്കാരുകള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. പാര്‍ട്ടികമ്മറ്റികളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം തൊഴിലാളികള്‍ എത്തിയെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവരെ ഒഴിവാക്കി. 2300 പേര്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ ഭൂമി അനുവദിച്ചത്. 1900 പേര്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു.

ബാക്കിയുള്ളവര്‍ക്ക് അസൈന്‍മെന്‍റ് പേപ്പറാണ് നല്‍കിയത്. ഇവര്‍ക്കുള്ള ഭൂമി അളന്ന് പ്ലോട്ടുകളായി തിരിച്ചെങ്കിലും നിയസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ വിതരണം നിലച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ പ്രശ്നത്തില്‍ പരിഹാരം കാണുന്നതിന് തയ്യറായില്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിടുമ്പോളും പ്രശ്നത്തില്‍ പരിഹാരമായിട്ടില്ല.  

പ്രശ്നത്തില്‍ പരിഹാരം കാണാതെ മുന്നണികള്‍ക്ക് വോട്ട് നല്‍കില്ലെന്ന നിലപാടിയാണ് ഒരുകൂട്ടം തൊഴിലാളികള്‍. വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ നേതാക്കളോട് പലരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios