ഹനാന്‍ സ്വന്തം ദുരിതത്തിന് അറുതി തേടിയാണ് മീന്‍ വിറ്റത്. സര്‍ക്കാര്‍ തണലിലാണ് ഇപ്പോള്‍ ഹനാന്‍. നല്ലത്. പക്ഷേ ഇവിടെ 344 ദിവസമായി ഒരു സമരം നടക്കുന്നു. മഴ തുടങ്ങിയത് മുതല്‍ മുട്ടറ്റം വെള്ളത്തില്‍ കുടയും ചൂടിയാണ് സമരം. കോടതിയും മന്ത്രിമാരും ഇടപെട്ടു. എന്നിട്ടും മാനേജ്മെന്‍റ് മാത്രം വഴങ്ങുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിനെ എല്ലാവര്‍ക്കും ഭയമാണ്.... യുഎന്‍എ സംസ്ഥാന സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്.....
തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒരു വര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, നീതി കിട്ടാന്‍ തങ്ങളും മീന്‍ വില്പന നടത്തേണ്ടിവരുമോ എന്ന് നഴ്‌സുമാരുടെ ചോദ്യം. കേരളം ചര്‍ച്ചചെയ്യുകയും പിന്തുണയ്ക്കുകയും സര്‍ക്കാരും വനിതാ കമ്മീഷന്‍ സഹായം പ്രഖ്യാപിക്കുകയും ചെയ്ത ഹനാന്‍റെ ദുരിതത്തോളം വലുതാണ് തങ്ങളുടെ അവസ്ഥയെന്നും നഴ്‌സുമാര്‍.
' ഹനാന്‍ ഇനി സര്‍ക്കാര്‍ തണലില്‍' എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ വന്ന പോസ്റ്റിനോട് ചേര്‍ത്ത് നഴ്‌സുമാരുടെ ദുരിതവും കെ.വി.എം ആശുപത്രിയിലെ സമരത്തെക്കുറിച്ചുള്ള വിവരണവും നല്‍കി, യുഎന്‍എ ( യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ) സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് നവമാധ്യമങ്ങളില്‍ നേഴ്സുമാരുടെ സമരം വീണ്ടും ചര്‍ച്ചയ്ക്കിടയാക്കിയത്. ഒപ്പം വനിതാ കമ്മിഷന്‍റെ ഇടപെടലും പോസ്റ്റ് ആവശ്യപ്പെടുന്നുണ്ട്.
ഇന്നേക്ക് 344 ദിവസമായി മഴയും വെയിലുമേറ്റ് ചേര്‍ത്തല ആശുപത്രി പടിക്കല്‍ സ്ത്രീകളടക്കമുള്ളവര്‍ സമരമിരിക്കുന്നു. ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാര്‍ ഇടപെട്ടിട്ടും മാനേജ്‌മെന്‍റ് ഒത്തുതീര്‍പ്പിന് തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷ നേരത്തെ മുതല്‍ നഴ്‌സുമാരിലുണ്ടെങ്കിലും അവിടേക്കും കാര്യങ്ങളെത്തിയിട്ടില്ല.
വനിതാ കമ്മീഷനും അധ്യക്ഷയും ഇപ്പോളും ഉണ്ടോ എന്ന് യുഎന്‍എ ദേശീയ ജനറല്‍ സെക്രട്ടറി സുധീപ് എംവിയും ചോദിക്കുന്നു. ഹനാനെ പോലെ, മീന്‍ വില്‍ക്കാന്‍ പോലും കഴിയാത്ത കുറച്ചധികം വനിതകള്‍ ഇന്നും ചേര്‍ത്തലയില്‍ കെ.വി.എം ആശുപത്രിക്ക് മുമ്പിലുണ്ട്. ഒരു വര്‍ഷം ആയിട്ടും ആ വഴിയൊന്നും കാണാത്തപ്പോ സംശയിച്ചു ചോദിച്ചതാണെന്നും ആക്ഷേപരൂപേണ സുധീപ് തന്‍റെ പേജിലൂടെ ചോദിക്കുന്നു.
സുജനപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
ഹനാനെ സംരക്ഷിക്കാനുള്ള കമ്മീഷന്‍ തീരുമാനം തികഞ്ഞ കൈയ്യടിയോടെ സ്വാഗതം ചെയ്യുന്നു... സമൂഹത്തില്‍ ജീവിത കഷ്ടത അനുഭവിക്കുന്ന പെണ്‍കുട്ടി എന്ന നിലക്ക് വനിതാ കമ്മീഷന്‍ ചെയ്യേണ്ടുന്ന ഉത്തരവാദിത്വം ചെയ്തതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു...
ഇനി മറു പുറം
ഇവിടെ ഉത്തരവാദിത്വപ്പെട്ട ഭരണസംവിധാനം എന്ന നിലക്ക് വനിതാ കമ്മീഷന്‍ ചെയ്തത് അവരുടെ കടമ ആത്മാര്‍ത്ഥതയോടെ നിറവേറ്റലാണോ...
അതോ ഇത്രയും പൊതുജന ശ്രദ്ധയാകര്‍ഷിച്ച വിഷയത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ വരാന്‍ പോകുന്ന സമൂഹ വിചാരണ നേരിടേണ്ടി വരുമെന്നുള്ള ഭയമാണോ..
ഒന്നു രണ്ട് കാര്യങ്ങളിലൂടെ വിലയിരുത്താം...
ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ 343 ദിവസമായി കുറച്ചു പെണ്‍കുട്ടികള്‍ അതിജീവനത്തിന് വേണ്ടിയുള്ള സമരത്തിലാണ്... താരതമ്യേന താഴ്ന്ന പ്രദേശമായത് കൊണ്ട് ഈ പെരുമഴയത്ത് ഏകദേശം കാല്‍മുട്ടിന് പകുതിയോളം വരുന്ന വെള്ളത്തില്‍ കുടയും ചൂടി അവര്‍ ആശുപത്രിക്ക് മുന്നിലുണ്ട്... പല തവണ മേല്‍ പറഞ്ഞ സംവിധാനത്തിന്‍റെ കാല്‍ക്കല്‍ പോയി ഇരന്നിട്ടും ഈ സമരത്തിന്‍റെ മുന്‍പിലൂടെ ഗവണ്‍മെന്‍റ് കാറില്‍ തലങ്ങും വിലങ്ങും പാഞ്ഞു പോകുമ്പോഴും തിരിഞ്ഞു നോക്കാന്‍ കൊച്ചമ്മമാര്‍ക്ക് സമയം കിട്ടിയില്ല....
കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച പട്ടിണി കൂലിക്ക് പത്തു പെണ്‍കുട്ടികള്‍ സമരം ചെയ്തപ്പോള്‍ അവിടെയും വന്നു കമ്മീഷന്‍ കേസ്...
കുറച്ചു രസകരമാണ്...
ഈ പാവപ്പെട്ട പെണ്‍കുട്ടികള്‍ തടഞ്ഞു വച്ചു എന്നു പറഞ്ഞു ഏതോ ഒരു വനിതാ മുതലാളി കൊടുത്ത കേസ് : പെണ്‍ കുട്ടികള്‍ പ്രതികള്‍ : കേസെടുത്തല്ലേ പറ്റൂ മുതലാളിയും വനിതയാണല്ലോ...
ഈ രണ്ടു വിഷയങ്ങളും വലിയ സാമൂഹ്യ ശ്രദ്ധ കിട്ടിയ വിഷയങ്ങളല്ല :
ഇനി സംഗ്രഹിക്കാം... വനിതകളുടെ കമീഷനായാലും പ്രാധാന്യം വനിതകള്‍ക്കല്ല... പബ്ലിസിറ്റിക്കു തന്നെയാണ്..
