ആലപ്പുഴ: ടൂറിസം ഓണ്‍ലൈന്‍ പ്രമോഷന്‍ ചെയ്യുന്ന  ഇന്‍വീസ് മള്‍ട്ടിമീഡിയ സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി  നടത്തിയ ക്ലിന്‍റ് മെമ്മോറിയല്‍ ചിത്ര പ്രദര്‍ശനത്തില്‍ വിജയികളായ കുട്ടി ചിത്രകാരന്‍മാര്‍ പുലിയോടൊപ്പം കളിച്ചും, ഹൗസ് ബോട്ടില്‍ കായല്‍ ഭംഗി ആസ്വദിച്ചും കിഴക്കിന്‍റെ വെനീസിൽ യാത്ര നടത്തി.

കേരളത്തില്‍ കൂടുതല്‍ വിദേശീയരെ ആകര്‍ഷിക്കുന്നതിനായി നാലിനും 16നും ഇടയില്‍ പ്രായമുള്ള ലോകത്തിലെ എല്ലായിടത്തുമുള്ള കുട്ടികള്‍ക്കായി കേരളത്തിന്റെ പ്രകൃതി ഭംഗിയെപ്പറ്റി ചിത്രം വരയ്ക്കുകയായിരുന്നു മത്സരം. ക്ലിന്‍റ്  നാലാം വയസില്‍ 16കാരനെ പരാജയപ്പെടുത്തിയാണ് സമ്മാനം നേടിയത്.

അത് കൊണ്ടാണ് ഈ പ്രായത്തിലെ കുട്ടികള്‍ക്കായി മത്സരം നടത്തിയത്. ലോകത്തിലെ 133 രാജ്യങ്ങളില്‍ നിന്നുമുള്ള 48,397 പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് വിജയികളായ വിദേശത്തുനിന്നുള്ള 10 കുട്ടികളും, ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമാണ് സമ്മാനം വാങ്ങാന്‍ കേരളത്തില്‍ എത്തിയത്.

കുട്ടികള്‍ക്കും രണ്ട് കുടുംബാംഗങ്ങള്‍ക്കും വീതം അഞ്ച് രാത്രികള്‍ കേരളം കാണാനുള്ള പാക്കേജും 10,000 രൂപയും,  മൊമന്‍റോയുമാണ് നല്‍കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെ ക്ലിന്‍റിന്‍റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച യാത്ര, മട്ടാഞ്ചേരി , ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഇന്ന് സംഘം ആലപ്പുഴയില്‍ എത്തിയത്.

ആലപ്പുഴയില്‍ എത്തിയ സംഘത്തെ പുലികളിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് പുലികളി സംഘത്തോടൊപ്പം നിറഞ്ഞാടിയ സംഘം ശേഷം ഹൗസ് ബോട്ട് യാത്രയും ആസ്വദിച്ചു. ആലപ്പുഴയിലെ യാത്ര പൂര്‍ത്തിയാക്കിയ സംഘം ഞായറാഴ്ച കൊല്ലത്തെ മണ്‍റോ തുരുത്തില്‍ ചെലവഴിക്കും. തുടര്‍ന്ന് പിറ്റേദിവസം തലസ്ഥാനത്ത് എത്തുന്ന സംഘത്തിന് തിങ്കളാഴ്ച വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കും.