ഇടുക്കി: വിളംബരജാഥയോടു കൂടി മൂന്നാർ വിന്റർ കാർണിവലിന് തുടക്കമായി. ഇനി 16 ദിവസം മൂന്നാറിൽ ഉത്സവക്കാലം. കാർണിവലിന്റെ ഉദ്ഘാടനം ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. ഡിറ്റിപിസിയുടെ നേതൃത്വത്തിലാണ് കാര്‍ണവല്‍ നടത്തപ്പെടുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഫ്ലവര്‍ ഷോ, ഫുഡ് ഫെസ്റ്റ്, വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്ക് ഇരുപതും മുതിര്‍ന്നവര്‍ക്ക് മുപ്പതുമാണ് പ്രവേശന ഫീസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ദിനേന എത്തുന്ന പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കും. മൂന്നാര്‍-ദേവികുളം റോഡിലെ പഴയ മൂന്നാര്‍ ഗവ. കോളജിന് സമീപത്തെ ബൊട്ടാനിക്ക് ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.

കാര്‍ണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ഗാര്‍ഡന്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന് സെക്രട്ടറി ജയന്‍ പി വിജയന്‍ പറയുന്നു. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ അധ്യഷനായി. തഹസിൽദാർ ജിജി കുന്നപ്പള്ളി, ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, വിവിധ സംഘടന നേതാക്കൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.