കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് 2,55,000 രൂപ തട്ടിയെടുത്ത യുവതിയെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തു.
അരൂർ: വിമാന ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ ബി അനീഷ (27) ആണ് ചേർത്തല കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.
കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്ന് 2,55,000 രൂപ അക്കൗണ്ട് വഴി വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന പരാതിയിലാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുത്തിയതോട് ഇൻസ്പെക്ടർ അജയ് മോഹൻ എസ്ഐ രാജീവ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ കിഷോർചന്ദ്, വിജേഷ്, വൈശാഖൻ, നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
