അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍

തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. 

അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് പിടിയിലായത്. അടിവസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

Read more: ബൈക്കിൽ മലയാളിയടക്കം രണ്ടുപേർ, ബാഗ് നോക്കിയപ്പോൾ കഞ്ചാവല്ല, ലഹരിയുമല്ല! ലക്ഷങ്ങൾ വിലയുള്ള മറ്റൊന്ന്!

അതേസമയം, ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. മാവേലിക്കര പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ (കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത് ഭവനിൽ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനിൽ സജിത്(21) എന്നിവരാണ് പിടിയിലായത്. 

ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കായംകുളത്തേയ്ക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുമെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി സജിമോൻ, ചേർത്തല ഡി.വൈ.എസ്.പി ബെന്നി ചേർത്തല പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, മഹേഷ്, ശ്യാം, സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ സുനിൽ, സിവില്‍ പൊലീസ് ഓഫീസര്‍ നിധി, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം