വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചു. നൽകാതിരുന്നപ്പോൾ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിച്ചു. ചപ്പാത്തി പരത്തുന്ന പലക കൊണ്ട് അവരുടെ പതിനഞ്ചുകാരി മകളെ തല്ലി.

കണ്ണൂർ: പണം നൽകാത്തതിന്‍റെ വിരോധത്തിൽ മാതാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന.

കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകളിലെ പ്രതിയായ റസീനക്കെതിരായ പുതിയ കേസ് കൂളി ബസാറിലെ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനാണ്. ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചു. നൽകാതിരുന്നപ്പോൾ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിച്ചു. ചപ്പാത്തി പരത്തുന്ന പലക കൊണ്ട് അവരുടെ പതിനഞ്ചുകാരി മകളെ തല്ലി. മാർബിൾ കഷ്ണമെടുത്ത് വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു. കാറിന്‍റെ ഗ്ലാസും അടിച്ചുപൊളിച്ചു.

സഹോദരി ധർമടം പൊലീസിൽ വിളിച്ചു. പൊലീസ് സംഘമെത്തി. പിടികൂടാൻ ശ്രമിച്ച വനിതാ പൊലീസിനെ റസീന തളളി വീഴ്ത്തി. ബലം പ്രയോഗിച്ചാണ് ഇവരെ പിടികൂടിയത്. റസീനയുടെ അക്രമം ഇതാദ്യമല്ല. മാഹി പന്തക്കലിൽ 2022 നവംബറിൽ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയിരുന്നു. അന്ന് നാട്ടുകാരെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാവിന്‍റെ ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു.

2023 ഡിസംബറിൽ തലശ്ശേരി കീഴ്വന്തി മുക്കിൽ മദ്യപിച്ച് സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയതിനാണ് മറ്റൊരു കേസ്. അന്ന് തന്നെ കസ്റ്റഡിയിലെടുത്ത വനിതാ എസ്ഐയെ റസീന ആക്രമിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ കേസ്.
YouTube video player