കൊല്ലം: ജോലി സ്ഥിരപ്പെടുത്താത്തതിൽ മനംനൊന്ത് സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു . കൊല്ലം പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം.അതേസമയം മരിച്ച സത്യദേവിയുടെ അപ്പീൽ സർക്കാരിന്റെ പരിഗണനയിൽ ആണെന്നും ബാങ്കിന്റെ ഭാഗത്ത്‌ വീഴ്‌ച ഇല്ലെന്നും ബാങ്ക് ഭരണ സമിതി പ്രതികരിച്ചു.അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ ബാങ്കിൽ എത്തിയ സത്യദേവി താക്കോൽ സുരക്ഷ ജീവനക്കാരനെ എൽപിച്ച ശേഷം ബാങ്കിനുള്ളിൽ കയറി സ്വയം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ജീവനക്കാർ മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മരിച്ച സത്യദേവി ബാങ്കിലെ താത്കാലിക കളക്ഷൻ ഏജന്റ് ആയിരുന്നു. 

ഇവരുടെ സ്ഥിരം നിയമനവുമായി ബന്ധപ്പെട്ട് കേസ് നടന്നു വരികയായിരുന്നു. ഹൈക്കോടതിയിൽ നിന്നു സത്യദേവിക്ക് അനുകൂലമായി കിട്ടിയ വിധിക്കെതിരെ മറ്റൊരു ജീവനക്കാരി സഹകരണ രജിസ്‌ട്രർക്ക് പരാതി നൽകിയിരുന്നു. ഇതിൽ തീർപ്പ് വൈകിയതോടെ മനോവിഷമത്തിലായിരുന്നു ഇവർ എന്നാണ് വിവരം. റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റമോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തത്സമയസംപ്രേഷണം: