സുൽത്താൻ ബത്തേരി: കെ എസ് ആർ ടി സി സ്കാനിയ ബസിന്റെ ലഗേജ് വാതിൽ തട്ടി യുവതി മരിച്ചു. കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചത്. കോഴിക്കോട് മൈസൂർ ദേശീയപാത കടന്നു പോകുന്ന നാഗരംചാലിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസിന്റെ വാതിൽ തുറന്ന് വശത്തേക്ക് തള്ളിനിൽക്കുകയായിരുന്നു.

വാതിൽ തട്ടി തെറിച്ചു വീണ യുവതിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വയസുള്ള അങ്കിത് മിഥു വിന്റെ മകനാണ്.