ചാരുംമൂട് : രണ്ടു മാസം മുമ്പ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി കഴിഞ്ഞിരുന്ന യുവതി മരണത്തിനു കീഴടങ്ങി. മാവേലിക്കര താമരക്കുളം പച്ചക്കാട് രജനി ഭവനത്തിൽ പ്രകാശിന്റെ ഭാര്യ രജിത (37) ആണ് മരിച്ചത്. തിരുവനന്തപുരം മൃതസഞ്ജീവനി ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു. പൊടിയൻ വത്സല ദമ്പതികളുടെ മകളായ രജിതയ്ക്ക് ആറ് വർഷം മുമ്പാണ് രോഗം ബാധിച്ചത്. 

രക്ഷിതാക്കൾക്കൊപ്പം പച്ചക്കാട്ടിലെ കുടുംബ വീട്ടിൽ താമസിച്ചു വരികയായിരുന്നു രജിത.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സയ്ക്ക് നാട്ടുകാരുടെയടക്കം സഹായം ലഭിച്ചിരുന്നു. മൃതസഞ്ജീവനി ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിരുന്ന രജിതയുടെ ഗ്രൂപ്പിലുള്ള വൃക്ക ലഭിക്കാൻ കാലതാമസം നേരിട്ടതോടെ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ശാരീരിക അവശതയിൽ കഴിഞ്ഞിരുന്ന രജിതയ്ക്ക് രണ്ടു മാസം മുമ്പ് അപകട മരണം സംഭവിച്ചയാളുടെ വൃക്ക ലഭിച്ചതോടെയാണ് ശസ്ത്രക്രിയ നടന്നത്.