ഇടുക്കി. പൂപ്പാറയ്ക്ക് സമീപം എസ്റ്റേറ്റ് പൂപ്പാറയില്‍ നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൂര്യനെല്ലി കറുപ്പന്‍ കോളനിയിലെ വിജി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. സൂര്യനെല്ലി സ്വദേശികളായ ചിത്രാദേവി, രമേശ് എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈന്‍സിന് സമീപമാണ് അപകടം നടന്നത്. സൂര്യനെല്ലിയില്‍ നിന്ന് തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ജീപ്പില്‍ രാജാക്കാട് ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്. 

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും പുറത്തെടുത്തു. പരിക്കേറ്റ മൂവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജി മരിച്ചിരുന്നു. രമേശിന് തലയ്ക്കും, ചിത്രാദേവിക്ക് തോളിനുമാണ് പരിക്കേറ്റിട്ടുള്ളത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തന്‍പാറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.