നേമം: മകനെ ഡോക്ടറെ കാണിച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ ടാങ്കര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.  തിരുവനന്തപുരം, പാപ്പനംകോട് കലാഭവനില്‍ വിനോദിന്‍റെ ഭാര്യ സുനിത(37) ആണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ മകനെ ഡോക്ടറെ കാണിച്ച് മടങ്ങവെ ശുദ്ധജല ഡാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മകന്‍ ശ്രീഹരി(4) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കിള്ളിപ്പാലത്ത് വച്ചാണ് അപകടം നടന്നത്. ലോറിയുടെ ഇടിയില്‍ സുനിത സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടംബശ്രീ പ്രവര്‍ത്തകയാണ് സുനിത. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് മൃതദേഹം സംസ്കരിക്കും.