കൊച്ചി: കൊച്ചി നഗരത്തിലെത്തുന്ന അമ്മമാര്‍ക്കിനി കുഞ്ഞിനെ മുലയൂട്ടാന്‍ സ്ഥലം തേടി അലയേണ്ട. കലൂര്‍ ബസ്റ്റാന്‍ഡില്‍ ഫീഡിംഗ് റൂമോട് കൂടിയ സ്ത്രീ സൗഹൃദ ബസ് ഷെല്‍ട്ടര്‍ തുറന്നു. നഗര മധ്യത്തിലാണ് മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഈ കരുതല്‍. 

കലൂര്‍ ബസ്റ്റാന്‍ഡില്‍ പുതുതായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിനോട് ചേര്‍ന്ന് മൂലയൂട്ടല്‍ കേന്ദ്രം കൂടെ പണിയുകയായിരുന്നു. 176 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മാണം. ചിത്രങ്ങളാല്‍ മനോഹരമാക്കിയ അകത്തളവും മികച്ച സുരക്ഷാ സംവിധാനങ്ങളുമാണ് ഉള്ളത്.

ഹൈബി ഈഡന്‍ എം.എല്‍.എ ആയിരിക്കെ അനുവധിച്ച 25 ലക്ഷം രൂപാ ചിലവഴിച്ചാണ് നിര്‍മ്മാണം. മുലയൂട്ടല്‍ കേന്ദ്രത്തില്‍ മാലിന്യ സംസ്‌കരണവും ശുചിത്വവും ഉറപ്പാക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.