തിരുവനന്തപുരം: ബാലരാമപുരം കട്ടച്ചൽകുഴിയിൽ വൃദ്ധയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടച്ചൽകുഴി തിരണിവിള വീട്ടിൽ ഓമന (65) യെ ആണ് വീടിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ നാട്ടുകാർ കണ്ടത്. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തൊഴിലുറപ്പു തൊഴിലാളി ആയിരുന്നു. ഇന്നലെ വൈകിട്ട് 5.30 വരെയും അയൽക്കാരോട് സംസാരിച്ചിരുന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി. 

6 മണി മുതൽ 10 മണി വരേ സ്ഥിരമായി സീരിയലുകൾ കാണുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നുവെന്നും അതിനാല്‍ ഈ സമയത്തൊന്നും ഇവരെ പുറത്തുകാണാറുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. അതേ സമയം കെഎസ്ഇബി. സർവിസ് വയറിൽ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.