ആലപ്പുഴ: കൂട്ടുകാരിയിൽ നിന്ന് തട്ടിയെടുത്ത എടിഎം കാർഡുപയോഗിച്ച് പണം അപഹരിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. കൂട്ടുകാരിയോടൊപ്പം പരാതിയുമായി എത്തിയ യുവതി നടത്തിയ തട്ടിപ്പാണ് കായംകുളം  പൊലിസിന്‍റെ അന്വേഷണത്തിൽ പുറത്തായത്. കഴിഞ്ഞ 8–ാം തീയതിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്‌ഷൻ ഏജന്റായ പത്തിയൂർ കിഴക്ക് സ്നേഹാലയത്തിൽ കല തന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതായി അറിയുന്നത്.  ഇതേതുടർന്ന് ഇവർ ബാങ്കിൽ പരാതി നൽകി. 

ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് പല തവണകളായി 68,600 രൂപ പിൻവലിച്ചതായി കണ്ടെത്തി. ഇതോടെ കല പൊലീസില്‍ പരാതി നല്‍കി. തന്നോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ഓച്ചിറ സ്വദേശിനി നസീനയുമൊത്താണ കല പരാതി നൽകാൻ സ്റ്റേഷനിലെത്തിയത്. പമ്പിൽ നിന്ന് കാർഡ് സ്വൈപ്പ് ചെയ്ത് 600 രൂപക്ക് പെട്രോൾ അടിച്ചതായും റെയിൽവേ സ്റ്റേഷൻ, കായംകുളം കരീലകുളങ്ങര എന്നിവിടെങ്ങളിലെ എടിഎമ്മുകളില്‍നിന്ന് 60,000 രൂപ എടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കുറ്റിത്തെരുവ് സ്വദേശിയാണ് കാര്‍ഡ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. 

ഇയാളെ ചോദ്യം ചെയ്തപ്പോൾ തന്റെ സുഹ‍ത്തിന്റെ കൂട്ടുകാരി നൽകിയ കാർഡാണ് ഇതെന്ന് പറഞ്ഞു. തുടർന്ന് ഈ കൂട്ടുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പരാതി നൽകാൻ കലയോടൊപ്പമെത്തിയ കൂട്ടുകാരി നസീനയാണ് ഇയാൾക്ക് കലയുടെ എടിഎം കാർഡ് നൽകിയതെന്ന് വ്യക്തമായത്.  നസീന (23), ഇവരുടെസുഹൃത്തുക്കളായ  പുള്ളിക്കണക്ക് നിഷാദ് മൻസിലിൽ നിഷാദ് (22), പെരുങ്ങാലകണ്ടിശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞു(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.