ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുറ്റിച്ചിറ വീട്ടില്‍ ബിജുവിന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്തുള്ള അടുപ്പില്‍ വെള്ളം ചൂടാക്കാന്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോള്‍ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു.

വള്ളത്തിന്റെ എന്‍ജിനില്‍ ഒഴിക്കുന്നതിനായി സമീപം വെച്ചിരുന്ന പെട്രോള്‍ തെറിച്ചതും അപകടമായി. ഇവര്‍ തന്നെ തീകെടുത്തിയെങ്കിലും ഉടന്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടനെ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.