കോഴിക്കോട്: യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കാരശേരി ആനയാംകുന്നിൽ നടന്ന സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് താമരശേരി കോടതിയിൽ കീഴടങ്ങിയത്. വിദേശത്തായിരുന്ന പ്രതി സ്വന്തം വീട്ടുകാർ പോലും അറിയാതെയാണ് നാട്ടിലെത്തി കൃത്യം നടത്തിയത്. 

ആസൂത്രിതമായി നടത്തിയ ഈ കൊലപാതക ശ്രമത്തിൽ നിന്ന് യുവതി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുഭാഷിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. 
ശനിയാഴ്ച വൈകുന്നേരം ആറോടെ ആനയാത്ത് ക്ഷേത്രത്തിനടുത്ത കോളനി പരിസരത്തുവച്ചാണ് യുവതി ആക്രമണത്തിന് ഇരയാകുന്നത്. 

ഗോതമ്പ് റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റായ സ്വപ്ന (31)യാണ് അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടിൽ ഒളിച്ചിരുന്ന അക്രമി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു.