കൃഷി ഓഫീസ് വഴിയല്ല കാര്‍ഡിന്റെ വിതരണമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞതോടെ പ്രതി പ്രകോപിതനാവുകയും ഓഫീസറെ അസഭ്യം പറയുകയും മൂക്കിന് ഇടിക്കുകയും ചെയ്തയാള്‍ പിടിയിൽ

പാലക്കാട്: പാലക്കാട് തരൂര്‍ കൃഷിഭവനില്‍ വനിതാ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിങ്കുളങ്ങര സ്വദേശി മോഹനനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൃത്യ സമയത്തിനും മുന്‍പ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥ മറ്റ് രണ്ട് പേരുടെ നെല്ല് സംഭരണം സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനിടയിലാണ് മോഹനനന്‍ ഓഫീസിലെത്തുന്നത്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടാണ് പ്രതി കൃഷി ഓഫീസില്‍ എത്തിയത്. കൃഷി ഓഫീസ് വഴിയല്ല കാര്‍ഡിന്റെ വിതരണമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞതോടെ പ്രതി പ്രകോപിതനാവുകയും ഓഫീസറെ അസഭ്യം പറയുകയും മൂക്കിന് ഇടിക്കുകയും ചെയ്തു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് കൃഷി ഓഫീസറെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇയാള്‍ ഓഫീസിന് പുറത്ത് നില്‍ക്കുന്നത് കണ്ടിരുന്നു. എന്നാല്‍ ആക്രമണത്തിന് തയ്യാറായി എത്തിയതാണെന്ന നിരീക്ഷണം ഇല്ലായിരുന്നുവെന്നാണ് തരൂർ പഞ്ചായത്ത് അംഗ് ചെന്താമരാക്ഷന്‍ പറയുന്നു. തെറിവിളിക്കും ആക്രമണത്തിന് ശേഷവും ഇയാള്‍ ഓഫീസിന് പുറത്ത് തന്നെ നിൽക്കുകയായിരുന്നുവെന്നും ചെന്താമരാക്ഷന്‍ പറയുന്നു.

സംഭവത്തില്‍ കെജിഒഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ കൃഷി ഡയറക്ടറേറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം