ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അനുശാന്തിയുടെ നില വഷളാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ സന്തോഷ് വാഹനം വേങ്കോട് ഭാഗത്ത് വെച്ച്  റോഡിന്‍റെ അരികിലേക്ക് ഒതുക്കി നിര്‍ത്തി

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിതുര ചായം സ്വദേശി സോഗികുമാറിന്റെ ഭാര്യ അനുശാന്തിയാണ്‌ ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് പുലർച്ചെ നാലരയോടെ അനുശാന്തിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കണ്‍ട്രോള്‍ റൂമിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ റിങ്കുവിന്റെ പരിശോധനയിൽ അനുശാന്തിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അനുശാന്തിയുടെ നില വഷളാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ സന്തോഷ് വാഹനം വേങ്കോട് ഭാഗത്ത് വെച്ച് റോഡിന്‍റെ അരികിലേക്ക് ഒതുക്കി നിര്‍ത്തി. നാലേമുക്കാലോടെ ആംബുലൻസിനുള്ളിൽ വെച്ച് അനുശാന്തി കുഞ്ഞിന് ജന്മം നൽകി.

പ്രഥമശുസ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും വട്ടപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോജികുമാർ- അനുശാന്തി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.