രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പാലാ ​ഗസ്റ്റ് ഹൗസിൽ എത്തിച്ച് ബീഫും പൊറോട്ടയും നൽകിയാണ് ശബരിമലയിൽ പ്രവേശിപ്പിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. 

പത്തനംതിട്ട: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് യുഡിഎഫ് എംപി എൻ.കെ. പ്രേമചന്ദ്രൻ. യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രൻ ഇക്കാര്യം ആരോപിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചപ്പോൾ, വിധി പകർപ്പ് കൈയിൽ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്മാരെ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവരെ പാലായിലെ ​ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിന് ശേഷം പൊലീസ് വാനിൽ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ​ഗവൺമെന്റുമാണ് പമ്പയിൽ ആ​ഗോള അയ്യപ്പ സം​ഗമത്തിന് നേതൃത്വം നൽകിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.