തൃശൂർ: സ്ത്രീ -പുരുഷ സമത്വം ഏറെ ചർച്ചചെയ്യപ്പെടുന്നതിനിടെ തൈപ്പൂയ ആഘോഷത്തിന് കാവടിയെടുത്ത് സ്ത്രീകള്‍. തൃശൂരിലെ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം തൈപ്പൂയാഘോഷ കാവടിയാട്ടത്തിലാണ് പെൺകരുത്ത് വട്ടമിട്ടത്. സ്ത്രീകൾക്കൊപ്പം കുട്ടികളും കാവടിയാടി ആഘോഷത്തിമിർപ്പിന് മാറ്റുകൂട്ടി.

കൂര്‍ക്കഞ്ചേരി ബാലസമാജത്തിൻ്റെ കാവടിയില്‍ ഹരിത റസിഡന്‍സ് അസോസിയേഷനിലെ കൂട്ടായ്മ ഒരുക്കിയ കുട്ടിപൂക്കാവടിയാണ് പ്രായഭേദമില്ലാതെ സ്ത്രീകളും കുട്ടികളുമെല്ലാം ആടിത്തിമിര്‍ത്തത്. കെഎസ്ഇബി ജീവനക്കാരനായ അനീഷ് കിളിയാംപറമ്പിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മനോഹരമായ കുട്ടിപൂക്കാവടി നിര്‍മ്മിച്ചത്. സ്ത്രീകൾ കാവടിയെടുക്കുന്നത് അറിഞ്ഞതോടെ പൂയപ്പറമ്പിലുള്ളവരും വിവിധ കാവടി സമാജങ്ങളിൽ അകമ്പടിയായിരുന്നവരും ഇവർക്കരികിലേക്കെത്തി. തൃശൂരിൽ പതിവുള്ള പുലിക്കളി ആഘോഷത്തിൽ പെൺപുലികൾ ഇറങ്ങിയത് ആവേശമായിരുന്നു.

മഹാപ്രളയം കാവടിയിലവതരിപ്പിച്ച് അല്ലു ബോയ്സും തൈപ്പൂയത്തിൽ ശ്രദ്ധേയരായി. പ്രളത്തില്‍പ്പെട്ട കേരളത്തെയും ഒരു ജനതയെ രക്ഷികക്കാന്‍ മത്സ്യതൊഴിലാളികള്‍ കാണിച്ച ഉശിരിനേയുമാണ് അല്ലു ബോയ്സ് എന്ന യുവാക്കളുടെ കൂട്ടം കാവടിയില്‍ കൊത്തിവെച്ചത്. കാണികള്‍ക്ക്  വ്യത്യസ്ത അനുഭവമുണ്ടാക്കിയ കാവടി ചിയ്യാരം വിഭാഗത്തിനു വേണ്ടിയാണ് തയ്യാറാക്കിയത്.