കൊല്ലം: വീട് നിർമ്മിക്കാൻ കരാർ നൽകിയ പണവുമായി കരാറുകാരൻ മുങ്ങിയതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശിയായ വിജയകുമാരിയാണ് ജീവനൊടുക്കിയത്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ലൈഫ് പദ്ധതി പ്രകാരമാണ് വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണം പണയം വച്ച് കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനെ ഏൽപ്പിച്ചു. കെട്ടിടത്തിന്‍റെ അടിസ്ഥാനം കെട്ടിയതൊഴിച്ചാൽ മറ്റൊരു പണിയും അനില്‍കുമാര്‍ നടത്തിയില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പണി പൂര്‍ത്തീകരിക്കാനും ഇയാൾ തയ്യാറായിരുന്നില്ല.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും വിജയകുമാരി പരാതി നൽകി. പ്രശ്ന പരിഹാരത്തിന് വാര്‍ഡ് മെമ്പർ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമായിരുന്നു വിജയകുമാരിക്ക് നേരിടേണ്ടി വന്നത്.  പരാതി കിട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കിട്ടിയ പണവുമായി അനില്‍കുമാര്‍ മുങ്ങി. ഇതോടെ മാനസികമായി തകര്‍ന്ന വിജയകുമാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.