5 ലക്ഷം രൂപ മുടക്കി ബസ് സ്റ്റാന്‍റും കംഫർട്ട് സ്റ്റേഷനും ഭക്ഷണശാലയുമൊക്കെയായി 2016ലാണ് ബസ് സ്റ്റാന്‍റ് പണിയുന്നത്

ഇടുക്കി: നിർമ്മാണം പൂർത്തിയായി മൂന്ന് കൊല്ലം കഴിഞ്ഞിട്ടും ഇടുക്കി ശാന്തൻപാറയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍റും ഷോപ്പിംഗ് കോംപ്ലക്സും ഇനിയും തുറന്ന് കൊടുത്തില്ല. വലിയ സൗകര്യങ്ങളോടെ കുമളി- മൂന്നാർ ടൂറിസം സർക്ക്യൂട്ടിലെ സഞ്ചാരികൾക്കൊരു ഇടത്താവളം എന്ന് വിഭാവനം ചെയ്ത ബസ് സ്റ്റാന്‍റ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ മാത്രം കേന്ദ്രമായി മാറി.

പേര് ബസ് സ്റ്റാന്‍റ് എന്നാണെങ്കിലും നാളിത് വരെ ഒരു ബസും ഇവിടെ കേറിയിട്ടില്ല. 25 ലക്ഷം രൂപ മുടക്കി ബസ് സ്റ്റാന്‍റും കംഫർട്ട് സ്റ്റേഷനും ഭക്ഷണശാലയുമൊക്കെയായി 2016ലാണ് ഇത് പണിയുന്നത്. കുമളിയിൽ നിന്നും തേക്കടിയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ഉപകാരമാകുമെന്നാണ് കരുതിയത്. 

എന്നാൽ ഉദ്ഘാടന മാമാങ്കത്തിനപ്പുറം ഒന്നും നടന്നില്ല. ശാന്തൻപാറ പഞ്ചായത്തിനായിരുന്നു നടത്തിപ്പവകാശം. എന്ത് കൊണ്ടാണ് ബസ് സ്റ്റാന്‍റ് പ്രവർത്തിക്കാത്തതെന്ന് ചോദിച്ചാൽ അവർക്ക് വ്യക്തമായ ഉത്തരമില്ല.

ടൗണിലെത്തുന്ന നാട്ടുകാർക്കായെങ്കിലും ഇത് തുറന്ന് കൊടുക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇതോടെ കെട്ടിടങ്ങളും കംഫർട്ട്സ്റ്റേഷനും നോട്ടമെത്താതെ നശിച്ചു തുടങ്ങി. പഞ്ചായത്ത് ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.