കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

മലപ്പുറം: കോട്ടക്കലിൽ കിണർ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട തൊഴിലാളികളിലൊരാള്‍ മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് 40 അടിയോളം ആഴമുള്ള കിണറിൽ ജോലി ചെയ്യുകയായിരുന്ന അഹദിനും അലി അക്ബറിനും മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഹദിനെ രക്ഷപ്പെടുത്തി. 

YouTube video player

ഒമ്പതരയോടെ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി. എന്നാല്‍ മണ്ണ് വീണ്ടും ഇടിയുന്നത് പലപ്പോഴും രക്ഷപ്രവർത്തനത്തിന് തടസ്സമായി. ഉദ്യോഗസ്ഥരും നാട്ടുകാരും പല തവണ കിണറിൽ ഇറങ്ങി. ഒന്നരയോടെയാണ് അഹദിനെ പുറത്തെത്തിച്ചത്. കാലിന് പൊട്ടലുള്ള ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പൂർണ്ണമായും മണ്ണിന് അടിയിലായ നിലയിലായിരുന്നു അലി അക്ബർ. മണ്ണ് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെത്തിക്കാനായത്.