നിലമ്പൂർ: മണൽ സ്‌ക്വാഡിലെ പൊലീസുകാരെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ മണൽ സ്‌ക്വാഡിലെ പൊലീസുകാരെ ആക്രമിച്ച് മണൽ വണ്ടിയുമായി കടന്ന മമ്പാട് സ്വദേശി എരഞ്ഞിക്കൽ ഫൈസലി(30)നെയാണ് പിടികൂടിയത്. 

കഴിഞ്ഞ ബുധനാഴ്ച മമ്പാട് ടാണ കടവിൽ നിന്ന് അനധികൃതമായി നടത്തിയിരുന്ന മണൽ കടത്ത് തടയാനെത്തിയ പൊലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച് വാഹനവുമായി ഫൈസൽ രക്ഷപ്പെടുകയായിരുന്നു. 2018ലും സമാനമായ രീതിയിൽ ഇയാൾ പൊലീസിനെ ആക്രമിച്ചിട്ടുണ്ട്. 

മണൽ നിറച്ച ലോറി കൂട്ടുപ്രതികളുമായി ചേർന്ന് പൊലീസിനെ ആക്രമിച്ച് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇയാളുടെ സഹോദരൻ ഫാഇസും കേസിൽ പ്രതിയാണ്. ഇയാളുടെ പേരിൽ എട്ടോളം കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ ടി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.