2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മാനന്തവാടി: വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പേരിയ 36 മുള്ളല്‍ സ്വദേശിയായ ചെറുവില്ലി തെക്കേതില്‍ വീട്ടില്‍ സി.കെ അഷ്‌കര്‍ (24)നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ. പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2024 ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മറ്റൊരു കേസിൽ തൃശൂരിൽ 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍. വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മറ്റത്തൂര്‍ സ്വദേശി രാജനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. 

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 24 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ മിഥുനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്