കോഴിക്കോട്: മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി യുവാവ് എക്സൈസ് പിടിയിലായി. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) നെയാണ് അറസ്റ്റ് ചെയ്തത്. അമ്പത് ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ച ജീപ്പും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് - താമരശ്ശേരി ദേശീയപാതയിൽ വെച്ച് മഹീന്ദ്ര ജീപ്പിൽ കടത്തിക്കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപ വില മതിക്കുന്നതാണ്. 

എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐ ബി ഇൻസ്പെക്ടർ പ്രജിത്ത്.എ, പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീനദയാൽ എസ്.ആർ, സന്ദീപ് എൻ.എസ്, അജിത്ത്.പി,അനുരാജ്.എ, സൈമൺ ടി.എം, അരുൺ.എ ഡ്രൈവർമാരായ അബ്ദുൽകരീം, പ്രബീഷ് എന്നിവരും പങ്കെടുത്തു. 

ലോക്ക്ഡൗൺ കാരണം മദ്യശാലകൾ അടച്ചിട്ടതിനാൽ മറ്റ് ലഹരി വസ്തുക്കളുടെ ഉപഭോഗം വർദ്ധിക്കാനുള്ള സാധ്യതകൾ മനസ്സിലാക്കി എക്സൈസ് സ്‌ക്വാഡ് പരിശോധനകൾ കർശനമാക്കിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ഈ ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നവയാണ്. 

പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലീന്‍ ഡയോക്‌സി മെത്താം ഫിറ്റമിന്‍ അഥവാ എംഡിഎംഎ എന്ന ലഹരി വസ്തു ഏറ്റവും ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകളോളം ലഹരി ലഭിക്കുന്ന മാരക ലഹരി വസ്തുവാണ്. പത്ത് ഗ്രാമോ അതിൽ കൂടുതലോ എംഡിഎംഎ കൈവശം വെച്ചാൽ തന്നെ 10 വർഷം കുറയാതെ 20 വർഷം തടവ് ശിക്ഷ വരെയോ കൂടാതെ ഒരു ലക്ഷം രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴശിക്ഷയോ കിട്ടുമെന്ന് എക്‌സൈസ് സ്ക്വാഡ് വൃത്തങ്ങൾ അറിയിച്ചു.