കാർ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കാറിടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ നാല് പേരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31),വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻ കര കളത്തി പറമ്പിൽ വീട്ടിൽ റെജിൻ (30) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ചിറ്റാറ്റുകര അണ്ടർപാസ്സിന് സമീപം വെച്ചായിരുന്നു സംഭവം. തെക്കും പുറം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാറിൻ്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് യുവാവ് ചോദ്യം ചെയ്തതും, കാറിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത് ഇയാൾ ആണെന്നുമുള്ള വിരോധത്തിൽ പ്രജിത്ത് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ നാല് പേരും സഞ്ചരിച്ചിരുന്ന കാർ ഇടിപ്പിക്കുകയായിരുന്നു.

തുടർന്ന് റോഡിൽ തെറിച്ച് വീണ യുവാവിനെ ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ സി. ബിനു, എസ്ഐ കെ വി ജിതിൻ, എസ് സിപിഒമാരായ മിറാജ്, സിമിൻറാം, അനീഷ്, സിപിഒമാരായ ജിനു പ്രകാശ്, ജിനു മോൻ എന്നിവരാണ് ഉണ്ടായിരുന്നത്.