Asianet News MalayalamAsianet News Malayalam

പതങ്കയത്ത് വെള്ളച്ചാട്ടം മരണക്കെണിയാകുന്നു; മുന്നറിയിപ്പുകളെ അവഗണിച്ച് സഞ്ചാരികളും

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്.

young man dead body found at kozhikode waterfalls
Author
Kozhikode, First Published Oct 1, 2021, 1:09 PM IST

കോഴിക്കോട്:  കോടഞ്ചേരി   പതങ്കയം വെള്ളച്ചാട്ടത്തിൽ (Pathankayam Waterfalls) ഒഴുക്കിൽപ്പെട്ട്  കാണാതായ  യുവാവിന്‍റെ മൃതദേഹം  കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയിം ജാബിറിന്‍റെ (24) മൃതദേഹമാണ് ഇന്ന്  കണ്ടെത്തിയത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇന്നലെ ഇവിടെ കുളിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ നയിം ഒഴുക്കില്‍ പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും കോടഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു. മഴയും, വെളിച്ചക്കുറവും  കാരണം ഇന്നലെ വൈകുന്നേരത്തോടെ തിരച്ചിൽ  നിർത്തി. ഇന്ന് രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കോടഞ്ചേരി സിഐ ജീവൻ ജോർജ്, എസ്.ഐ മാരായ  ബെന്നി സി.ജെ, സജു സി.സി.  മുക്കത്ത് നിന്നുമുള്ള ഫയർഫോഴ്സ് ടീം, തഹസിൽദാർ സുബൈർ സി, ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ എ എം, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ വി. നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ  ശ്രീലത കെ, ഫീൽഡ് അസിസ്റ്റന്റ് ഉമറുൽ ഹാരിസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് ടീം, എന്റെ മുക്കം സന്നദ്ധ സംഘടന, കർമ്മസേന ഓമശേരി, പെരിവില്ലിയിൽ നിന്നുള്ള റെസ്ക്യൂ ടീം, കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്‌സ്, രാഹുൽ ബ്രിഗേഡ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

സമീപ ജില്ലകളിൽ നിന്നുമെത്തുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടം പതിയിരിക്കുന്ന കാര്യം പ്രദേശവാസികൾ പറഞ്ഞാലും ഇത് വകവെയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്.മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽ സഞ്ചാരികൾ വകവെയ്ക്കാറില്ല. 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്. ഇവിടെത്തെ ആഴമേറിയ ഭാഗത്തും ചുഴികളിലുംപെട്ടാണ് മിക്കവർക്കും ജീവൻ നഷ്ടപ്പെട്ടത്. ദിവസേന നൂറു കണക്കിന് വിനോദസഞ്ചാരികൾ  എത്തുന്നുണ്ടെങ്കിലും ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതും  അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios