അനധികൃതമായി നിര്‍മിച്ച വേലിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും വേലി സ്ഥാപിച്ചയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 

കല്‍പ്പറ്റ: മുത്തങ്ങക്കടുത്തുള്ള കല്ലൂരില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിന് ഉത്തരവാദിയായ സ്ഥലമുടമയെ ഇനിയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സുല്‍ത്താന്‍ബത്തേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കല്ലൂര്‍ തിരുവണ്ണൂര്‍ കുന്നുമ്മല്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാം (27) ആണ് ദാരുണമായി മരിച്ചത്.

അനധികൃതമായി നിര്‍മിച്ച വേലിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും വേലി സ്ഥാപിച്ചയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉന്നതതലങ്ങളില്‍ പ്രതിക്കുള്ള സ്വാധീനം കാരണം പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ നാട്ടുകാരും ബന്ധുക്കളും പോലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രതി ഒളിവിലാണെന്ന് മറുപടിയായിരുന്നു ലഭിച്ചത്. 

എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ലാതെ വന്നതോടെയാണ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടി വന്നതെന്ന് മരിച്ച നിസാമിന്റെ ബന്ധുക്കള്‍ പറഞ്ഞു. മപഞ്ചായത്തില്‍ നിന്ന് മരണസര്‍ട്ടിഫിക്കറ്റ് പോലും പോലീസ് കാരണം അനുവദിച്ച് കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണസര്‍ട്ടിഫിക്കറ്റിനായി പോലീസ് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കരുതിക്കൂട്ടി വൈകിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. വിളകളില്ലാത്ത ഭൂമിയില്‍ സ്ഥാപിച്ച വേലിയില്‍ നിന്നാണ് യുവാവിന് ഷേക്കേറ്റതെന്നാണ് ബന്ധുക്കളുടെ വാദം. 

ഇത് പോലീസിന് നേരില്‍ കണ്ട് ബോധ്യപ്പെട്ടതുമാണ്. അനധികൃതവേലിയെന്ന് വ്യക്തമായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം പ്രതിഷേധത്തിനായി അനുമതി ചോദിച്ചപ്പോള്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാനും പോലീസ് പറഞ്ഞതായി നിസാമിന്റെ ബന്ധുവായ കുന്നുമ്മല്‍ മൊയ്തീന്‍ പറഞ്ഞു. അധികൃതര്‍ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ പ്രതിയെ പിടികൂടുന്നത് വരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. കര്‍ഷകര്‍ പ്രത്യേകമായി കൃഷിയിടത്തിലൊരുക്കുന്ന അശാസ്ത്രീയ വൈദ്യുതി വേലികള്‍ പോലീസും വനംവകുപ്പും പരിശോധിക്കണമെന്ന ആവശ്യവും ഈ സംഭവത്തോടെ ശക്തമായിട്ടുണ്ട്.