തിരുവില്ലാമലയില്‍ ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ
ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.

തൃശൂര്‍: തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിക്ക് ഭരതൻ കുളിക്കാൻ ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതേസമയം, തൃശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർദ്ര. കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയിൽ അടക്കം പോയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.