കുടുംബത്തിന്റെ നെടുംതൂണായിരുന്നു വിഷ്ണു. നിരവധി സ്വപ്നങ്ങൾ ബാക്കിയാക്കി  അവൻ യാത്രയാകുമ്പോൾ, സ്വന്തമായൊരു വീട് എന്നതും അക്കൂട്ടത്തിലെ ഒന്നാമത്തെ സ്വപ്നമായിരുന്നു

ഇടുക്കി: കുടുംബത്തിന്റെ നെടുംതൂണായിരുന്നു വിഷ്ണു. നിരവധി സ്വപ്നങ്ങൾ ബാക്കിയാക്കി അവൻ യാത്രയാകുമ്പോൾ, സ്വന്തമായൊരു വീട് എന്നതും അക്കൂട്ടത്തിലെ ഒന്നാമത്തെ സ്വപ്നമായിരുന്നു. കഴിഞ്ഞ മാസം നാട്ടില്‍ എത്താനിരുന്നതാണ് വിഷ്ണു. എന്നാല്‍ അവധി കുറവായതിനാല്‍ ജൂണ്‍ അവസാനത്തേയ്ക്ക് വരവ് നീട്ടിവെച്ചു. 

ഇത്തവണ നാട്ടില്‍ എത്തുമ്പോള്‍ വീട് നിര്‍മ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നിലവില്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് വിഷ്ണുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിയുന്നത്. നിലവിലെ വീടിന്റെ മുന്‍ ഭാഗത്ത് ചേര്‍ന്ന് തറ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികള്‍ നിര്‍മ്മിയ്ക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒപ്പം വിവാഹ ആലോചനകള്‍ നടത്തണമെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു. 

മകന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി മരണവാര്‍ത്ത എത്തിയത്. ആ ഞെട്ടലിൽ നിന്ന് ഇതുവരെയും മുക്തയായിട്ടില്ല ആ അമ്മ. അസുഖബാധിതനായ പിതാവ് വിജയന് കാഠിനമായ ജോലികള്‍ ചെയ്യാനാവില്ല. തേക്കേകൂട്ടാറില്‍ പുഴയോട് ചേര്‍ന്നുള്ള 25 സെന്‌റ് സ്ഥലവും പണിതീരാത്ത വീടും മാത്രമാണ് കുടുംബത്തിന്റെ ഏക സമ്പാദ്യം.

 മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഷ്ണു ഗള്‍ഫിലേയ്ക്ക് ജോലി തേടി പോയത് കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പേറിയാണ്. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മരിച്ചു എന്ന അറിയിപ്പു മാത്രമാണ് കുടുംബത്തിന് ലഭിച്ച വിവരം. 

യുഎഇയില്‍ പ്രവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു, വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഷാര്ജ അബു ഷാഗരയില്‍ ബാര്‍ബറായി ജോലി നോക്കിവന്ന നെടുങ്കണ്ടം കൂട്ടാര്‍ സേദേശി വിഷ്ണു കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഷാര്‍ജാ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ഉടന്‍ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപടെലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona