ചേർത്തലയിൽ വിവാഹം ചെയ്ത സഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഹേമന്ത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബൈക്ക് ചെങ്ങണ്ട പാലത്തിൽ വച്ചശേഷം താഴെ കായലിലേയ്ക്ക് ചാടുകയായിരുന്നു

ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി . മുങ്ങൽ വിദഗ്ധര്‍ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്‍റെ മകൻ ഹേമന്ത് (36) ആണ് ഇന്ന് രാവിലെ 9 മണിയോടെ കായലിൽ ചാടിയത്. ചേർത്തലയിൽ വിവാഹം ചെയ്ത സഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ്
ഹേമന്ത് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ബൈക്ക് ചെങ്ങണ്ട പാലത്തിൽ വച്ചശേഷം താഴെ കായലിലേയ്ക്ക് ചാടുകയായിരുന്നു. കായലിനരികെ വസ്ത്രങ്ങൾ കഴുകി കൊണ്ടിരുന്ന സ്ത്രീകൾ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് തിരച്ചിലാരംഭിച്ചത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ഹേമന്ത് ഉപയോഗിച്ച ഹെൽമറ്റും ജാക്കറ്റും 50 മീറ്ററോളം അകലെ കണ്ടെത്തി. മാനസിക പ്രശ്നമുള്ള ഹേമന്ത് കുറെ നാളുകളായി മരുന്നു കഴിക്കാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.

പാലത്തിന് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ഒഴുകി പോകാനുള്ള സാധ്യത കണക്കിലെടുത്ത് പരപ്പേൽ മേഖല വരെ തെരച്ചിൽ നടത്തി. വൈകിട്ടോടെ വെളിച്ചക്കുറവും പ്രതികൂല സാഹചര്യവും മൂലം മുങ്ങൽ വിദഗ്ധര്‍ തിരച്ചിൽ നിർത്തി. നാളെ രാവിലെ മുതൽ തെരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.