തിരുവനന്തപുരം:  പാറശാലയിൽ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷാജി ഇപ്പോഴും ഒളിവിലാണ്. 

ചൊവ്വാഴ്ചയാണ് ഷാജിയുടെ വസ്തുവില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിനയകുമാറെന്ന ആളിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിൽ നടത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള ബിനുവിൻറെ മൃതദേഹമാണ് ചാക്കിനുളളിലുണ്ടായിരുന്നത്.  വിനയകുമാറിൻറെ മൊഴിയിൽ നിന്നാണ് സ്ഥലം ഉടമയും ബിനുവിൻറെ സുഹൃത്തുമായി ഷാജിയക്ക് കൊലപാതകത്തിലുള്ള പങ്ക് പൊലീസിന് ലഭിക്കുന്നത്. 

മൃതദേഹം കുഴിച്ചിടുന്നതിനാണ് ഷാജി വിനയകുമാറിനെ വിളിച്ചത്. മൃതദേഹം കുഴിച്ചിടാന്‍ ഷാജിക്കൊപ്പം ശ്രമം നടത്തിയെങ്കിലും പിന്നീട് പൊലീസിനെ വിവരമറിയിക്കാന്‍ തീരുമാനിച്ചുവെന്നാണ് വിനയകുമാർ നൽകുന്ന മൊഴി. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിലും ദുരൂഹതകളുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. 

ഷാജിയുടെ അച്ഛനെ അഞ്ച് വർഷമായി കാണാനില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഷാജി പൊലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. സ്വത്തിന് വേണ്ടി ഷാജി അച്ഛനെ കൊലപ്പെടുത്തിയെന്ന വിവരം ഒരു മദ്യപാന സദസ്സിൽ ബിനു വെളിപ്പെടുത്തിയതാണ് കൊലപാകത്തിന് കാരണമെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സുഹൃത്തായ ബിനുവിനാണ് ഷാജി, അച്ഛനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകിയതെന്നാണ് സൂചന. 

ഷാജിയുടെ അറസ്റ്റോടെ രണ്ട് സംഭവങ്ങളും ചുരുളഴിയുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. മൂന്നു ദിവസം മുമ്പ് ഷാജിയുടെ വീട്ടിൽ നിന്നും ബഹളമുണ്ടാകുന്നത് കേട്ടുവെന്ന നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. ഷാജി തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.