റോഡിൽ നിന്ന് ലഭിച്ച സ്വര്‍ണാഭരണവും പണവും അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ച് യുവാവ് മാതൃകയായി.

ആലപ്പുഴ: റോഡിൽ നിന്ന് ലഭിച്ച സ്വര്‍ണാഭരണവും പണവും അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ച് യുവാവ് മാതൃകയായി. പൊലീസ് ഉടമയെ വിളിച്ചുവരുത്തി സ്റ്റേഷനില്‍വച്ച് ബാഗ് കൈമാറി. മണ്ണഞ്ചേരി വിരുശ്ശേരി ക്ഷേത്രത്തിനുസമീപം പാലിയത്ത്ചിറയില്‍ ഉദയകുമാറിന്റെ മകന്‍ ആദിത്യനന്ദനാണ് ബാഗ് ലഭിച്ചത്. 

തോപ്പുംപടി കൊച്ചങ്ങാടിയില്‍ തസ്നി ഇക്ബാലിന്റെ ബാഗായിരുന്നു നഷ്ടപ്പെട്ടത്. രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, നാലായിരത്തി അഞ്ഞൂറ് രൂപ, സ്വര്‍ണമാല, എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും ബാഗില്‍ ഉണ്ടായിരുന്നു. സെയില്‍സ്മാന്‍ ആണ് ആദിത്യനന്ദനന്‍. 

ജോലിക്ക് പോകുന്നവഴി വിരുശ്ശേരിക്ഷേത്രം റോഡില്‍നിന്നാണ് ബാഗ് ലഭിക്കുന്നത്. മണ്ണഞ്ചേരിയിലെ വീട്ടില്‍നിന്ന് തസ്നി ഇക്ബാല്‍ ഓട്ടോറിക്ഷയില്‍ പോകുന്നവഴിയില്‍ ബാഗ് തെറിച്ചുപോവുകയായിരുന്നു. 

തോപ്പുംപടിയില്‍ എത്തിയശേഷമാണ് ബാഗ് നഷ്ടപ്പെട്ടവിവരം ഉടമ അറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോഴാണ് ബാഗ് പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്നറിയുന്നത്.