'മർദിച്ചയാൾക്കെതിരെ കേസെടുക്കണം'; മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
അഗ്നിശമന സേന ഉദ്യോഗസ്ഥർ ടവറിന് മുകളിലെത്തി വടത്തിൻ്റെ സഹായത്തോടെ യുവാവിനെ താഴെ എത്തിച്ചു.
പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. പുതുശ്ശേരി സ്വദേശി കാർത്തികേയനാണ് തന്നെ മർദിച്ചയാൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. പൊലീസും അഗ്നിശമന സേനയും യുവാവിനെ അനുനയിപ്പ് താഴെയിറക്കാനുള്ള ശ്രമത്തിനിടെ കാർത്തികേയൻ്റെ മറ്റൊരു സുഹൃത്ത് ടവറിന് മുകളിൽ കയറി ഇയാളെ ചേർത്ത് പിടിക്കുകയായിരുന്നു.
അഗ്നിശമന സേന ഉദ്യോഗസ്ഥർ ടവറിന് മുകളിലെത്തി വടത്തിൻ്റെ സഹായത്തോടെ യുവാവിനെ താഴെ എത്തിച്ചു. ആരോഗ്യ പരിശോധനയ്ക്കായി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത മദ്യ ലഹരിയിലാണ് യുവാവ് ടവറിന് മുകളിൽ കയറിയതെന്നും പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കസബ ഇൻസ്പെക്ടർ അറിയിച്ചു.