തൃശൂരില്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര അമ്പലത്തില്‍ വെച്ചാണ് കര്‍ണ്ണാടക സ്വദേശിയായ പ്രതി യുവതിയെ ഉപദ്രവിച്ചത്.

തൃശൂര്‍: ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പതിനെട്ടുകാരിയെ ക്ഷേത്ര പൂജാരി ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്തു കയറിപ്പിടിച്ചു മാനഹാനി വരുത്തിയ കേസ്സില്‍ പ്രതിയായ കര്‍ണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കര്‍ട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹന്തലിനെ 4 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ സുരേഷ് കുമാര്‍ ആണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

പിഴ അടക്കാത്ത പക്ഷം 8 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2025 മെയിൽ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര അമ്പലത്തില്‍ തൊഴാനായി എത്തിയ യുവതിയോടാണ് ഇയാൾ മോസമായി പെരുമാറിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. അന്നത്തെ വാടാനപ്പള്ളി എസ് ഐ ആയിരുന്ന വിജു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്. ഐ. ശ്രീലക്ഷ്മി, എസ്.സി. പി.ഒ. ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവര്‍ ഹാജരായി. വിസ്താരവേളയില്‍ ലെയ്‌സണ്‍ ഓഫീസര്‍ എ എസ് ഐസിന്ധു കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു