എറണാകുളം അങ്കമാലിയിൽ പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ ഭർത്താവ് നാല് വർഷത്തോളം ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തു

കൊച്ചി: എറണാകുളം അങ്കമാലിയിൽ പെൺകുട്ടി ജനിച്ചതിന്‍റെ പേരിൽ ഭാര്യയെ ഭർത്താവ് മർദിച്ചെന്ന് പരാതി. പുത്തൻകുരിശ് സ്വദേശിയായ 29കാരിയാണ് പരാതിക്കാരി. 2020ലായിരുന്നു ഇരുവരുടേയും വിവാഹം. 2021ൽ പെൺകുഞ്ഞ് ജനിച്ചതോടെ അതിന്‍റെ പേരിൽ മർദനം തുടങ്ങി എന്നാണ് പൊലീസ് എഫ്ഐആർ. 4 വർഷം ഇത് തുടർന്നു. പിന്നീട് യുവതി ആശുപ്തരിയിൽ ചികിത്സ തേടിയതോടെയാണ് ആശുപ്തരി അധികൃതർ പൊലീസിനെ അറിയിച്ചത്. ഭർത്താവിനെതിരെ കേസെടുത്ത അങ്കമാലി പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികരിക്കാൻ യുവതിയുടെ കുടുംബവും ഭർത്താവും തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് സമീപവർഷങ്ങളിലൊന്നും കേൾക്കാത്ത കാര്യമാണിത്. നാല് വർഷത്തോളം എല്ലാം സഹിച്ചുകഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോൾ ഡോക്ടർമാരോടാണ് ആദ്യം ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തിയത്. ഡോക്ടർമാർ പൊലീസിൽ അറിയിച്ചതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ മൊഴി നൽകുകയായിരുന്നു.

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിലും വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ചും ഭർത്താവ് മർദിക്കുന്നുവെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. മാനസീകമായും പീഡിപ്പിക്കുന്നതായി ആരോപണമുണ്ട്. അതേസമയം സമവായ ചർച്ചകൾ നടക്കുന്നതായി യുവതിയുടെ കുടുംബം അറിയിച്ചു.