കോഴിക്കോട്: ബനാറസ് യൂണിവേഴ്സിറ്റിയിൽ നടന്ന അന്തർദേശീയ നൃത്തോത്സവത്തിൽ ബാല നർത്തകി നിളാ നാഥിന് പുരസ്കാരം. ബനാറസ് യൂണിവേഴ്സിറ്റി പെർഫോമിങ് ആർട്സും കൃഷ്ണപ്രിയ കഥക് കേന്ദ്രയും യൂനിവേഴ്സ് റ്റി കാമ്പസിലെ ഓംകാർ നാഥ് ഠാകുർ ഓഡിറ്റോറിയത്തിൽ നടത്തിയ ജൂനിയർ വിഭാഗം ന്യത്ത  മത്സരത്തിലാണ് മോഹിനിയാട്ടം അവതരിപ്പിച്ച് നിളാ നാഥ് ഉജ്വൽ കലാ സാധക് സമ്മാൻ പുരസ്കാരം നേടിയത്.  

ചെറുപ്രായത്തിൽ തന്നെ മോഹിനിയാട്ടത്തിൽ അന്തർദേശീയ ശ്രദ്ധ നേടിയ നിളാ നാഥ്  മണ്ഡോദരി വിലാപം അവതരിപ്പിച്ചാണ്  പ്രശംസാപത്രവും അവാർഡും നേടിയത്. ഇന്ത്യക്കത്തും പുറത്തുമായി നൂറോളം പ്രമുഖ വേദികളിൽ കലാപ്രകടനം നടത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയായ നിളാ നാഥ് ഇന്ത്യയിൽ 12 സംസ്ഥനങ്ങളിൽ പ്രകടനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ബാലനർത്തകിയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി  ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. പല്ലവി കൃഷ്ണയുടെ കീഴിൽ ദീർഘകാലമായി നൃത്തം പരിശീലിക്കുന്ന നിളാ നാഥ് കലാമണ്ഡലം സത്യവ്രതൻ ചിട്ടപ്പെട്ടുത്തിയ മണ്ഡോദരി വിലാപമാണ് വേദിയിലവതരിപ്പിച്ചത്. 

ഡെറാഡൂണിൽ നടന്ന മോഹിനിയാട്ട മത്സരത്തിൽ  രാജ്യത്തെ മികച്ച നർത്തകിയായും  കക്കോടി സ്വദേശിനിയായ നിളനാഥിനെ തെരഞ്ഞെടുത്തിരുന്നു.ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥിനിയാണ് .മാധ്യമ പ്രവർത്തകനായ എ.ബിജു നാഥിൻറെയും പരേതയായ ഷീബയുടെയും മകളാണ്.അനേഷ് ബദരീനാഥാണ് സഹോദരൻ.