തൃശ്ശൂർ: കലാകാരന്മാർക്കും കലാസ്നേഹികൾക്കും സൗഹൃദം സ്ഥാപിക്കാൻ ആപ്പ് നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. തൃശ്ശൂരിലും പാലക്കാട്ടിലുമായുള്ള പന്ത്രണ്ടോളം യുവാക്കളാണ് കാസ്റ്റിംഗ് കാൾ എന്ന ആപ്പിന് പിന്നിൽ. കലാകാരന്മാർക്ക് പ്രൊഫൈലുകൾ നിർമ്മിക്കാനും ഷെയർ ചെയ്യാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനുമുള്ള മികച്ച അവസരമാണ് കാസ്റ്റിംഗ് കാൾ നൽകുന്നത്.

പുതുതായി നിർമ്മിച്ച വീടിന്‍റെ ചുവരിൽ ഗ്രാഫിറ്റികൾ വരയ്ക്കാൻ കലാകാരനെ വേണെങ്കിൽ എങ്ങും തേടി അലയേണ്ട. കാസ്റ്റിംഗ് കാൾ ആപ്പിൽ പരതിയാൽ മതി. ആളെ കിട്ടും. ആൺ പെൺ, പ്രായപരിധി, സ്ഥലം തുടങ്ങിയവ സൂചിപ്പിച്ച് പ്രൊഫൈലുകൾ ഫിൽട്ടർ ചെയ്യാനും കഴിയും.

ആപ്പിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നൽകാനുള്ള ശ്രമത്തിലാണ് ഈ യുവാക്കൾ. സിനിമയ്ക്കോ ഷോർട്ട് ഫിലിമുകൾക്കോ വേണ്ടി സംവിധായകർക്ക് അവരുടെ മനസ്സിലുള്ള കഥാപാത്രത്തിന്‍റെ പ്രത്യേകതകൾ ആപ്പിൽ അടിച്ച് കൊടുത്താൽ അനുയോജ്യരായവരെ കിട്ടും എന്ന് ആപ്പ് നിർമാതാക്കളിലൊരാളായ അരുൺ പറയുന്നു.

പ്രൊഫൈലുകൾ വ്യാജമാണെങ്കിൽ തിരുത്താനുള്ള സോഷ്യൽ ഓഡിറ്റിംഗ് സംവിധാനവും കാസ്റ്റിംഗ് കാളിൽ ഉണ്ട്. കൂടുതൽ പേരെ പങ്കെടുപ്പിച്ച് ആപ്പ് കൂടുതൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് യുവാക്കൾ.