കൊളത്തൂർ: മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങൾവഴി പ്രലോഭിപ്പിച്ച് അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ. പടപ്പറമ്പ് പരവക്കലിലെ ചക്കുംകുന്നൻ മുസ്തഫ(21)യാണ് പിടിയിലായത്.

പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ  ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച യുവാവ് നിരന്തരമായി ചാറ്റ് ചെയ്തു വലയിലാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് രാത്രിയിൽ പുറത്ത് വരാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെൺകുട്ടി ബന്ധുവായ സമപ്രായക്കാരിയോടൊപ്പം രാത്രി വീടുവിട്ടിറങ്ങി.

പെൺകുട്ടികളെ വീട്ടിൽ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഇവർക്കായി തെരിച്ചിൽ നടത്തി. ഇതു മനസിലാക്കിയ യുവാവ്  കുട്ടികളെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാക്കി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന്  കൊളത്തൂർ സി ഐ പിഎം ഷമീർ അറസ്റ്റ് ചെയ്തു. 

പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞയാഴ്ച ഈ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത 15 വയസുകാരിയെ കാമുകൻ ഫോണിലൂടെ വഴക്കു പറഞ്ഞതിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.